കളകളുടെ ലോകം

സ്നേഹിതാ,വിലക്കുകള്‍ക്കു മുമ്പില്‍
നീ കൊളുത്തിവിട്ട സ്വപ്നങ്ങള്‍ക്ക്
പോയകാലത്തിന്റെ കലര്‍പ്പ്
നിന്റെ എകാന്തതയുടെ
കയ്പ്പുനീര്‍ കുടിച്ച്
എന്റെ ഇന്ദ്രിയങ്ങളില്‍ പടര്‍ന്നത്
പച്ചമാംസത്തിന്റെ ചീഞ്ഞ ഗന്ധം.
എനിക്കു നിന്നെയും,
നിനക്കെന്നെയും, നഷ്ട്മാക്കിയത്,
കാലവേഗത്തിലമര്‍ന്ന സ്വപ്നങ്ങള്‍.
ഭൂതകാലമാവേശിച്ച സ്മ്രുതികള്‍
കൊയ്തൊഴിഞ്ഞ പാടം പോലെ
അവശേഷിപ്പിച്ചത്
നിലതെറ്റിയടര്‍ന്നു വീണ
പ്രണയത്തിന്റെ വിത്തുകള്‍.
പഴമയുടെ പുതപ്പില്‍ നിന്നു മുളപൊട്ടി
കളകള്‍ പിറന്നത്,
അകം പൊള്ളയായ ആത്മാവുമായ്
വര്‍ത്തമാന ലോകത്തിനു മുമ്പില്‍
അവ ലജ്ജയില്ലാതെ തകര്‍ത്താടി.
ഇനിയുള്ള അങ്കം
പതിരും പതിരും തമ്മില്‍
അപ്പൊഴും, കാലഗതിയറിയാതെ
ഇടയ്ക്കിടെ മുളപൊട്ടുന്ന
നിറഞ്ഞ വിത്തുകള്‍,
കാമം പുതച്ച പതിരുകള്‍ക്കു മുമ്പില്‍
കാഴ്ചവസ്തുക്കളായ്,
വിപണന തന്ത്രങ്ങള്‍ക്കടിപ്പെട്ട്
സ്വയം ബലിയാടുകളാവുന്നു......
സ്നേഹിതാ,നമുക്കു പിരിയാം..
ഇത് കളകളുടെ ലോകം!
ഇവിടെ പ്രവേശനം
കളകള്‍ക്കു മാത്രം!!!
-അളകനന്ദ

2 comments: