അ’ക്ഷരം’


അക്ഷരപ്പിച്ച വച്ച നാള്‍ മുതല്‍
അമ്മ പറയുമായിരുന്നു
'അക്ഷരത്തില്‍ ചവിട്ടരുത് ’
'അക്ഷരം അമ്മയാണു'
അക്ഷരങ്ങള്‍ തമ്മില്‍
കോര്‍ത്തിണക്കാന്‍ പഠിച്ചപ്പോഴും
ആ വാക്കുകള്‍
പതിഞ്ഞു കിടപ്പുണ്ടായിരുന്നു....

പിന്നീട് നടത്തം
അക്ഷരത്തെറ്റുകളിലൂടെയായപ്പോള്‍
അക്ഷരക്കൂട്ടങ്ങള്‍,
ചാമ്പല്‍ക്കൂനകളില്‍ നിന്നു
ജീവനില്ലാത്ത മതങ്ങളായ്
കാല്‍ക്കീഴില്‍ ഞെരിഞ്ഞമര്‍ന്നു......

വാക്ക്

ഒരിക്കല്‍
വാക്കുകളുടെ ഉറവയെ
കടലെടുക്കും.....!
തീരമേറ്റാതെ,
ചുഴികളില്‍ പെട്ട്
ശ്വാസം മുട്ടി
അവ,
പിടഞ്ഞുപിടഞ്ഞൊടുങ്ങും....

കവിത്വമില്ലാത്തവന്റെ കയ്യില്‍
ഞെരിഞ്ഞമര്‍ന്ന
കവിത പോലെ..........!

കറുപ്പിന്റെ രഥോല്‍സവം

ഒരു മിഴി പാകി ഞാന്‍
തെളിവിന്റെ തീരത്തി-
ലെരിയും മനസിന്റെ
കനലടക്കാന്‍.
ഒരു തണുവേന്തി ഞാന്‍
ഉഷ്ണ മേഘങ്ങളില്‍
ഉരുകും സരസ്സിന്റെ
തനുവുണര്‍ത്താന്‍.
ഇവിടെയൊരു കുരുക്ഷേത്ര-
യുദ്ധം തുളയിട്ട
കര്‍മ്മബന്ധങ്ങള്‍ തന്‍
പൊഴികളാണേറെയും.
ഇവിടെയൊരു ഗാന്ധാര-
പുത്രിതന്‍ കാണാകണ്ണിന്‍
തിരയാട്ടമേല്പിച്ച
ശാപ പ്പെരുക്കങ്ങള്‍.
പാപ പങ്കിലത്തിറ
തുള്ളും കാണ്ഡങ്ങളില്‍
ഉടല്‍ വെന്ത സീതായന-
ത്തിരകളലറുന്നു.
പൊയ്മുഖപ്പൂക്കളില്‍
മധു തേടിയുഴറുന്നു
വര്‍ണ്ണപ്പറവതന്‍
പശിതുള്ളുമുടലുകള്‍.
കനവില്ല!കനിവില്ല!
കരളിന്‍ തടങ്ങളില്‍
ഇരുള്‍ക്കരമുയരുന്നു
മൃദുകണമൂറ്റുവാന്‍.
ഇവിടെ പുലരുന്ന-
തിരുളിന്‍ തേര്‍ വാഴ്ചകള്‍!
കറുത്ത കിനാവുകള്‍!
കിളുന്നു മേനിതന്‍
കൊടിയ നിശ്വാസങ്ങള്‍!
ഇരുളിന്‍ തിടമ്പേറി-
യണിനിരക്കയായ്
കറുപ്പിന്‍ രഥോല്‍സവ-
ക്കാഴ്ചകള്‍.......