കാലപ്രവാഹം

കാലമേ, നീയുരുണ്ടും പിരണ്ടും
തളിരിളം ചുണ്ടില്‍ നിന്നൂറും
വിഷാദത്തിന്റെ കണികയി-
ലൊരു നീറ്റലായ് പടര്‍ന്നും,
വര്‍ഷ ബാഷ്പം തന്നിലമരും
പ്രതീക്ഷതന്‍
കയ്പ്പുനീരുപ്പില്‍ പുളച്ചും,
മരണ വേദാന്തമുരച്ചും,
മൗനദാഹം പൂണ്ടൊ-
രാത്മ ശിഖരങ്ങളില്‍
അഭയമൂട്ടാനറച്ചും,
കനവിലുണരാതെ
നിദ്രപൂണ്ടമരുന്നൊ-
രിരവിന്റെ ചിടചിക്കിയുലച്ചും,
എങ്ങു പായുന്നു നീ ?

ഒരിറ്റു പ്രണകണ-
മിറ്റിച്ചു നല്‍കാതെ,
ഇരുള്‍ തുമ്പിലോര്‍മ്മതന്‍
വാള്‍ത്തലപ്പേറ്റിയും,
മറവിക്കൊടും ചൂടി-
ലമ്മ്ലം തളിച്ചും,
കുതറും ഹൃദന്തത്തി-
ലൊളിത്തീ വിതച്ചും,
ഉദരക്കുരുന്നിനായ്
ശൂലം കൊരുത്തും,
താതന്റെ കണ്‍കളില്‍
കാമം പടച്ചും,
ചടുല വേഗത്തിലീ
ഭൂലോകമൊട്ടാകെ
ഉഷ്ണം വിതച്ചും,
എങ്ങും പായുന്നു നീ ???

1 comment:

  1. കാലമേ..
    വിഷാദത്തിന്റെ കണികയിലൊരുനീറ്റലായ്‌...
    മറവിക്കൊടുംചൂടിലമ്ലം തളിച്ചും...
    അതെ... ഈ കാലം ഒരെത്തും പിടിയുമില്ലാതെ സംഹാരരുദ്രനായ്‌ പായുമ്പോള്‍...
    വിഹ്വലരാവുന്നപാവം ജീവന്റെ കണികകള്‍!!

    നന്നായിരിക്കുന്നു!!
    ആശംസകള്‍!!

    ReplyDelete