യാത്ര

ഇനി നമ്മള്‍ മാത്രമീ-
മുള്‍ക്കാടു താണ്ടുവാന്‍.
ഇനി നമ്മള്‍ മാത്രമീ-
യിരുള്‍ക്കാട്ടിലലയുവാന്‍.
ഇവിടെയീ ബോധി-
വൃക്ഷച്ചുവട്ടിലൊതുക്കുക
ചിതലിച്ച ചിന്തതന്‍
ഉള്‍പ്പൂവു കാക്കുക.
ഉറവറ്റ കണ്ണിലൂ-
ടൊഴുകും നിണങ്ങളാല്‍
നനയ്ക്കുക, ചതിവേറ്റ
സ്മരണയ്ക്കു,സ്മ്രുതി-
തീര്‍ഥമുതിര്‍ക്കുക.
പൊരുള്‍ തേടി,
പുഴ തീണ്ടി,
വിളയിച്ച പെരുമയ്ക്കു
തണല്‍ തേടി നമ്മളീ
കാനനം താണ്ടുക.
കനിവറ്റ കാട്ടു-
ത്തീയില്‍ പടര്‍ത്തുക
ഏകാന്ത കദനത്തിന്‍
കയ്പ്പുനീരുപ്പിനെ
നമ്മളീ കാനന
രഥ്യയിലേകരാ-
ണതിനാല്‍ പരസ്പ്പര-
മാശ്വസിച്ചകറ്റാം
വിശപ്പിനെ.
ദാഹനീരുണ്ണാതെ
തുടരാം നമുക്കു
സ്വര്‍ഗ വാതിലോളമീ
സ്വപ്നാടനം.
പെരുവഴികളേറുന്നു
തളരുന്നു പിന്നെയും
നിഴല്‍ വീണസന്ധ്യയി-
ലെരിയുന്നു നോവുകള്‍.
വന്നടുക്കുമീ തമ-
സ്സാഗ്നിയില്‍ വേവാതെ
കാക്കുക നമ്മള്‍തന്‍
പ്രണയാഗ്നിനാളങ്ങള്‍.
പ്രജ്ഞതന്‍ സ്വപ്ന-
ത്തുരുത്തിലൂടൊഴുക്കുക
വെയിലേറ്റു വാടിയ
പൊരുളിന്‍ കുഴമ്പിനെ.
ഇനിയീയിരുളാണ്ട
രാവില്‍ നാമനല്പ്പരായ്
ഇറക്കുക നമ്മള്‍തന്‍
ഭാരിച്ച ജീവിതഭാണ്ഡങ്ങള്‍.
പറയുവാനുണ്ടേറെ
യെങ്കിലുമമര്‍ത്തുക
വ്യഥതന്‍ തുരുമ്പിച്ച
ഭാരങ്ങളൊതുക്കുക.
വഴിതെറ്റിയലയാതെ
കാക്കാം നമുക്കിനി
ഇരുളകന്നുര്‍വ്വിയില്‍
വെളിച്ചം തൂവും വരെ.
അതുവരേയ്ക്കുമീ വൃക്ഷ-
ച്ചുവട്ടിലെരിച്ചിടാം
കദനത്തിന്‍ കരിമ്പട-
മകലേയ്ക്കെറിഞ്ഞിടാം.
പിന്നെയീയിരുളിന്‍
തുരുത്തിലൂടിഴച്ചിടാം
ചിറകറ്റ,ചിതലിറ്റ
ചിന്തതന്‍ ഭാണ്ടങ്ങള്‍

* * *

പൊന്‍പുലരിതന്‍
നാമ്പുകള്‍ വിരിയുന്നു.
രാക്കിളിപ്പാട്ടിനെ
മായ്ക്കുന്നു പുള്ളുകള്‍.
ഉണരുവാനെന്തിതു
വൈകുന്നു മല്‍ സഖീ;
ഞെട്ടറ്റ മലര്‍ പോലെ
നിപതിച്ചതെന്തു നീ?
ഈ മുള്‍ക്കാട്ടിലെന്നെ-
യൊറ്റയ്ക്കെറിഞ്ഞിട്ട്,
ഒരു വാക്കു മിണ്ടാതെ
പോയതെന്തേ സഖേ?
എങ്കിലും നീയെന്റെ
തോളിലൊതുങ്ങുക,
ഈ മുള്‍ക്കാടു താണ്ടുവാന്‍
നാമേറ്റതല്ലയോ?
ഇനിയേറേയലയേണ്ട-
തുണ്ടിനി നമ്മള്‍തന്‍
ജന്മ സാഫല്യ-
ത്തുരുത്തിലെത്തീടുവാന്‍.
ഉള്ളിലാളുന്ന വിരഹ-
ത്താപാഗ്നിയെന്‍
അന്തരാളങ്ങളെ
പൊള്ളിയടര്‍ത്തുന്നു
ഉഴറുന്ന പാദങ്ങ-
ളിടറുവാന്‍ വെമ്പുന്നു
ഭാരമേറുന്നു മമ
തോളീലും ഭീമമായ്
പെരുവഴികളേറുന്നു
തളരുന്നു പിന്നെയും
പൊരുളിന്റെ വഴിയാകെ
മറയാതെ മറയുന്നു
പെരുകുന്നു വീണ്ടു-
മുള്ളിലാശങ്കകള്‍
ഈ യാത്രയൊടുങ്ങുമോ
ജന്മ സാഫല്യത്തില്‍???

4 comments:

  1. baramperi peruvazhi
    tandum ninakkoru
    chumaduthaangiyayi
    doore kaathu nilpu njan

    ReplyDelete
  2. its ,touching...thank you 4 the post

    ReplyDelete
  3. നന്നായിരിക്കുന്നു

    ReplyDelete
  4. പ്രിയ കവയിത്രി,
    കവിത വായിച്ചു. സാങ്കേതികത്വ പ്രശ്‌നങ്ങളാല്‍ അക്ഷരത്തെറ്റുകള്‍ നമുക്കു പൊറുക്കുക. കവിത ചെറിയ ക്യാന്‍വാസിലുളളതായതിനാല്‍ അതും ശ്രദ്ധിക്കണം. Brevity is the soul of wit. ഇത് കവിതയ്ക്കും ചേരും. It should be the sponteneous overflow of powerful feelings. കവിത പദ അര്‍ത്ഥ ഭാവ ശില്പമാണ്. എനിയ്ക്ക് പലതും മനസ്സിലായില്ല. എന്താണ് ചിതലിച്ച ചിന്ത? ഏകാന്ത കദനത്തിന്‍ കയ്പ്പുനീരുപ്പിനെ- കയ്പുനീരെങ്ങനെയാണ് ഉപ്പാകുന്നത്? പരസ്പരമാശ്വസിച്ചകറ്റാം വിശപ്പിനെ. പരസ്പരമാണെങ്കില്‍ ആശ്വസിപ്പിക്കുകയാണ്. സ്വയമാണ് ആശ്വസിക്കുക. മുഴുവന്‍ പറഞ്ഞ് മുഷിപ്പിക്കുന്നില്ല. പറയാനുളളതു മുഴുവന്‍ ചുരുങ്ങിയ വാക്കുകളില്‍ പ്രതിഫലിപ്പിക്കുവാന്‍ മേലില്‍ കഴിയട്ടെ.

    ReplyDelete